കണ്ണൂർ: സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ പ്രതികരിച്ച് ജയിൽ ഉപദേശകസമിതി അംഗം പി ജയരാജൻ. അടച്ച സെല്ലിന്റെ ഇരുമ്പഴി മുറിച്ചാണ് ഗോവിന്ദച്ചാമി പുറത്തുകടന്നതെന്നാണ് പ്രാഥമിക വിവരമെന്നും ഗൗരവമായി അന്വേഷിക്കേണ്ട വിഷയമാണെന്നും പി ജയരാജൻ പറഞ്ഞു.
എന്നാൽ ജയിൽ ചാട്ടം ആസൂത്രിതമാണോയെന്ന് സംശയിക്കത്തക്ക നിലയിൽ ചില രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും പ്രചാരണം അഴിച്ചുവിടുന്നുണ്ടെന്നും പി ജയരാജൻ ചൂണ്ടിക്കാട്ടി. ബിജെപി മുൻ അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് വിമർശനം. സുരേന്ദ്രന്റെ പ്രതികരണം അധ്യക്ഷസ്ഥാനം പോയ ശേഷമുള്ള മനോനില വ്യക്തമാക്കുന്നതാണെന്നും ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം ചെറുതാണെന്നും പി ജയരാജൻ പരിഹസിച്ചു. കെ സുരേന്ദ്രൻ്റെ മനോനില പരിശോധിക്കണമെന്നും പി ജയരാജൻ പറഞ്ഞു.


'കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടി എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇന്ന് അതികാലത്ത് തന്നെ കേട്ടത്. അടച്ച സെല്ലിന്റെ ഇരുമ്പഴി മുറിച്ച് പുറത്തു കടന്നെന്നാണ് പ്രാഥമിക വിവരം. ഇത് ഗൗരവാവഹമായ അന്വേഷണം ആവശ്യമുള്ള വിഷയമാണ്. ആ അന്വേഷണം സർക്കാർ ജാഗ്രതയോടെ നടത്തുമെന്ന് ഉറപ്പിക്കാം. എന്നാൽ ഈ ജയിൽ ചാട്ടം ആസൂത്രിതമാണോ എന്ന് സംശയിക്കത്തക്ക നിലയിൽ ചില രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് പ്രചരണം അഴിച്ചു വിടുന്നുണ്ട്. അതിന്റെ തെളിവാണ് ബിജെപി നേതാവ് കെ.സുരേന്ദ്രൻ്റെ ഇക്കാര്യത്തിലുള്ള പ്രതികരണം. സെൻട്രൽ ജയിൽ ഉപദേശക സമിതി അനൗദ്യോഗിക അംഗങ്ങളെ സൂചിപ്പിച്ചു കൊണ്ട് സുരേന്ദ്രൻ നടത്തിയ പ്രസ്താവന ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മനോനിലയാണ് വ്യക്തമാക്കുന്നത്.കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്. അദ്ദേഹത്തിൻ്റെ മനോനില പരിശോധിക്കാൻ ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു. അതോടൊപ്പം ഈ ജയിൽ ചാട്ടത്തെ തുടർന്ന് സമൂഹത്തെ ജാഗ്രതപ്പെടുത്തുന്നതിന് പകരം ഏത് കാര്യവും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന ബിജെപി നേതാവിന്റെ ഹീനമായ ശ്രമത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ഉപദേശിക്കണമെന്നും താല്പര്യപ്പെടുന്നു', എന്നും പി ജയരാജൻ പറഞ്ഞു.
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ സർവ്വത്ര ദുരൂഹതയുണ്ടെന്നും ചാടിയതാണോ ചാടിച്ചതാണോയെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ ഉന്നയിച്ചിരുന്നു. ജയിൽ ഉപദേശക സമിതി അംഗങ്ങളായി പി ജയരാജന്റെയും തൃക്കരിപ്പൂർ എഎംഎൽയും ഉണ്ടെന്ന് സൂചിപ്പിച്ചായിരുന്നു കുറിപ്പ്.
'കൊടും ക്രിമിനൽ ഗോവിന്ദച്ചാമി ജയിൽ ചാടിയത് രാത്രി ഒന്നേ കാലിന്. ജയിൽ അധികൃതർ അതറിയുന്നത് പുലർച്ചെ അഞ്ചേ കാലിന്. പൊലീസിൽ വിവരം അറിയിക്കുന്നത് കാലത്ത് ഏഴേ കാലിന്. മതിലിൽ വൈദ്യുതി ഫെൻസിംഗ്. ജയിൽ ചാടുമ്പോൾ വൈദ്യുതി ഓഫ് ചെയ്യപ്പെട്ടിരുന്നു. സർവ്വത്ര ദുരൂഹത. ജയിൽ ചാടിയതോ ചാടിച്ചതോ? ജയിൽ ഉപദേശക സമിതിയിൽ പി. ജയരാജനും തൃക്കരിപ്പൂർ എംഎൽഎയും', എന്നായിരുന്നു കുറിപ്പ്.
Prison Advisory Committee member P Jayarajan reacts to Soumya murder case convict Govindachamy's jail term